എഴുതിത്തുലക്കടാ അവനെ !!
തലസ്ഥാനത്തെ ഒരു സാംസ്കാരിക സിംഹം ചാരു കസേരയില്‍ ഇരുന്ന് ഗര്‍ജ്ജിക്കുകയാണ് ! എഴുതിത്തുലക്കടാ അവനെ !! അവന്‍ സാമ്രാജ്യദാസനാണ്, അമേരിക്കയുടെ പിണിയാളാണ്, ഇസ്രായേലിന്റെ ചാരനാണ് പിന്നെയെന്തെല്ലാമോ ആണ് !! ശശി തരൂര്‍ ആണ് വിമര്‍ശന വിധേയമാകുന്ന കഥാപാത്രം. അവന്റെ വീട്ടിനിട്ടിരിക്കുന്ന പേരെന്താണെന്നറിയാമോ? ബ്രിട്ടീഷ് ഹൌസ് !! “ഈ ബ്രിട്ടിഷ് ചാരനെ സാംസാരിക നവോത്ഥാന കേന്ദ്രമായ തിരുവനന്തപുരത്തുനിന്നു കെട്ടു കെട്ടിച്ചയച്ച ബുഷിനു തന്നെ താക്കീതു നല്‍കണം.” ഇത്രയും വിളിച്ചു പറഞ്ഞ സാംസാരിക നായകന്‍ ഉമ്മറപ്പടിയിലെ ചാരു കസേരയില്‍ ചാഞ്ഞിരുന്നു. സാംസാരിക നായകന്‍ വിശ്രമത്തിലാണ്. പുറത്തിറങ്ങാന്‍ വയ്യ. വാര്‍ദ്ധക്യ സഹജമായ മിക്ക രോഗങ്ങളുമുണ്ട്. ഈ വിശ്രമമേളയുടെ ബോറടിമാറ്റാന്‍ ടിയാന്റെ കൂട്ട് കശുവണ്ടിയാണ്. ഒരാഴ്ചത്തേക്ക് 1 കിലോ കശുവണ്ടി വാങ്ങും! ഇതു കഴിച്ചുകൊണ്ടാണ് സാമ്രാജ്യത്ത വിരോധം തുപ്പി നാറ്റുന്നത്.
എടോ സാംസാരിക നായക, നാട്ടില്‍ എത്ര പേര്‍ക്ക് ആഴ്ചയില്‍ 1 കിലോ കശുവണ്ടി വാങ്ങിക്കഴിക്കാന്‍ യോഗമുണ്ട്. ആയ കാലത്ത് സര്‍ക്കാര്‍ ജോലി, ക്ഷീണ കാലത്ത് പെന്‍ഷന്‍, മക്കള്‍ സാമ്രാജ്യത്തം ഒട്ടുമില്ലാത്ത അമേരിക്കയില്‍. അപ്പന്‍ കൊമ്പത്തെ ചാരുകസേരയില്‍ !!
ഞങ്ങളും ശശി തരുരിനെ കെട്ടു കെട്ടിക്കാന്‍ തയ്യാറാണ്. ആഴ്ചയില്‍ ഞങ്ങള്‍ക്ക് ഒരു കശുവണ്ടിതോടെങ്കിലും കിട്ടിയാല്‍ മതി. അതു തരാന്‍ ഇവിടുത്തെ വിപ്ലവ സര്‍ക്കാരിന് നാളിതു വരെ കഴിഞ്ഞോ? ഞങ്ങളുടെ വിഷയം സാമ്രാജ്യത്തവും ഇസ്രായേലും ഒന്നുമല്ല. ഇവിടുത്തെ പട്ടിണിയും തൊഴിലില്ലായ്മയുമാണ്. പഠിച്ചിറങ്ങുന്ന എന്‍ഞ്ചിനീയ കുട്ടികളുടെ ജോലിയാണ്. പവര്‍ കട്ടില്ലാത്ത ഒരു കേരളമാണ്. മനസമാധാനത്തോടെ വണ്ടി ഓടിക്കാന്‍ കഴിയുന്ന ഒരു നാലുവരിപ്പാതയാണ്. ഇതെല്ലാം തരാമെന്ന് ശശി തരൂര്‍ പറയുന്നില്ല, പക്ഷേ ഇതിന്റെയെല്ലാം വിത്തു പാകാന്‍ കഴിയുന്ന വിഴിഞ്ഞം തുറമുഖത്തിന് തുടക്കമിടാന്‍ ശ്രമിക്കുമെന്ന് ശശി തരൂര്‍ പറയുന്നു. സാംസാരിക നായേ, ഞങ്ങള്‍ക്ക് അതാണ് വലുത്. നിങ്ങളുടെ ഈ കാപഠ്യം ഞങ്ങള്‍ കുറെ നാളുകളായി അറിയാതെ ശരിവയ്ക്കുകയായിരുന്നു. ഇനി കഴിയില്ല. നീ ശിഷ്ടകാലം കശുവണ്ടി കൊറിച്ച് ശിഷ്യന്മാരെ പറ്റിക്കുക.വിവരമില്ലാതെ തുടര്‍ന്നും പറ്റിക്കപ്പെടുന്നവരോട് ആജ്ഞാപിക്കുക- എഴുതിത്തുലക്കടാ അവനെ !!